
കണ്ണൂർ: കണ്ണൂർ കുറുമാത്തൂർ പൊക്കുണ്ട് സലഫി മസ്ജിദിൽ ജാബിറിന്റെ മകൻ അലൻ (മൂന്ന് മാസം) കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. കുഞ്ഞ് കിണറ്റിൽ വീണതുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് പോലീസ് അസ്വാഭാവിക മരണം എന്ന നിലയിൽ അന്വേഷണം ആരംഭിച്ചത്.
കണ്ണൂർ കുറുമാത്തൂരിലാണ് നടുക്കുന്ന സംഭവം.കിണറ്റിൽ കുഞ്ഞിന്റെ കാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് സമീപവാസി ആദ്യം കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു.അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞ് അബദ്ധത്തിൽ കയ്യിൽ നിന്നും കിണറ്റിൽ വീണുവെന്നാണ് അമ്മ പോലീസിന് മൊഴി നൽകിയത്. എന്നാൽ, കുഞ്ഞ് കിണറ്റിൽ വീണതിലെ ദുരൂഹത പോലീസിന് സംശയമുണ്ടാക്കിയിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.കുഞ്ഞ് എങ്ങനെ കിണറ്റിൽ വീണു എന്നതിൽ വ്യക്തത വരുത്താനായി പോലീസ് അമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ തേടുകയാണ്.