
തിരുവനന്തപുരം : വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പത്തൊമ്പത്കാരിയെ ചവിട്ടി താഴെയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിനെ കൂടുതൽ സാക്ഷികൾ തിരിച്ചറിഞ്ഞു. വർക്കല അയന്തി മേൽപ്പാലത്തിന് സമീപം കേരള എക്സ്പ്രസിൽ വെച്ച് ശ്രീക്കുട്ടിയെ തള്ളിയിട്ട സംഭവത്തിലെ പ്രതി സുരേഷ് കുമാറിനെയാണ് സഹയാത്രികരായിരുന്ന രണ്ടുപേർ കൂടി ഇപ്പോൾ തിരിച്ചറിഞ്ഞത്.
ആക്രമിക്കപ്പെട്ട പെൺകുട്ടിക്കൊപ്പം യാത്ര ചെയ്ത സുഹൃത്ത് ഇന്നലെ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇതിനുപുറമെ ജനറൽ കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന രണ്ട് പുരുഷൻമാർകൂടി പ്രതിയെ തിരിച്ചറിഞ്ഞതായി മൊഴി നൽകി. ഇവർ തമ്പാനൂരിലെ കേരള റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പെൺകുട്ടിയെ തള്ളിയിട്ട ശേഷം ഒപ്പമുണ്ടായിരുന്ന കുട്ടിയുമായി പ്രതി ബലപ്രയോഗം നടത്തുന്നത് കണ്ടതായും സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ട്രെയിൻ ബോഗിയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. വർക്കല അയന്തി മേൽപ്പാലത്തിന് സമീപത്തെ വിജനമായ റെയിൽവേ ട്രാക്കിലേക്കാണ് പെൺകുട്ടിയെ പ്രതി തള്ളിയിട്ടത്.
ആംബുലൻസിന് കടന്നുവരാൻ വഴിയില്ലാത്ത കാടുമൂടിയ പ്രദേശമായിരുന്നു ഇത്. മെമു ട്രെയിൻ അതുവഴി എത്തിയത് കൊണ്ടാണ് കൃത്യസമയത്ത് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്ന് പ്രദേശവാസിയായ രാസി പറഞ്ഞു. ആക്രമണം നടന്ന കേരള എക്സ്പ്രസിൽ സുരക്ഷയ്ക്കായി ഒരു പോലീസുകാരൻ പോലും ഉണ്ടായിരുന്നില്ല.