Banner Ads

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയെ ലൈംഗികമായി ആക്രമിച്ചു; പോർട്ടർ അറസ്റ്റിൽ

തിരുവനന്തപുരം : കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ റെയിൽവേ പോര്‍ട്ടര്‍ അറസ്റ്റില്‍. അരുണ്‍ എന്നയാളെയാണ് പേട്ട പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനായി സ്റ്റേഷനിലെത്തിയ നടിയെ എളുപ്പത്തിൽ അടുത്ത പ്ലാറ്റ്‌ഫോമിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ അതിക്രമം നടത്തിയത്.

റെയിൽവേ ലൈൻ മുറിച്ചുകടക്കുന്നത് ഒഴിവാക്കാൻ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിടാമെന്ന് അരുൺ വാഗ്ദാനം ചെയ്തു. ട്രെയിൻ കടന്നു പ്ലാറ്റ്‌ഫോമിൽ എത്തിയ ശേഷം ട്രാക്കിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇയാൾ നടിയുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും കടന്നുപിടിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.

റെയിൽവേ അധികൃതർക്ക് പരാതി നൽകിയപ്പോൾ പോർട്ടറെ ന്യായീകരിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും നടി ആരോപിച്ചു. ഇതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പ്രതിയായ അരുണിനെ റെയിൽവേ അധികൃതർ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു.