
കണ്ണൂർ : സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി എച്ച്പിവി (HPV) വാക്‌സിനേഷൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വരും തലമുറയെ ഈ രോഗത്തിൽ നിന്നും രക്ഷിക്കാനുള്ള കേരള സർക്കാരിന്റെ ക്രിയാത്മകമായ നിലപാടാണിത്. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിലാണ് പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.
നവംബർ 3 ന് രാവിലെ 10.30 ന് കണ്ണൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയഗള അർബുദം (സെർവിക്കൽ കാൻസർ). അർബുദവുമായി ബന്ധപ്പെട്ട മരണനിരക്ക് ഉയർത്തുന്നതിൽ ഈ രോഗത്തിന് വലിയ പങ്കുണ്ട്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വിദഗ്ധരുടെയും ടെക്‌നിക്കൽ കമ്മിറ്റിയുടേയും യോഗം ചേർന്നാണ് വാക്‌സിനേഷൻ പദ്ധതിക്ക് അന്തിമരൂപം നൽകിയത്. കേരള കാൻസർ കെയർ ബോർഡും വിദഗ്ധ സമിതിയും ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികൾക്ക് വാക്‌സിനേഷൻ നൽകാൻ ശുപാർശ ചെയ്തിരുന്നു. ഗർഭാശയഗള കാൻസറിനെതിരെ വാക്‌സിനേഷൻ നൽകുന്നതിലൂടെ വലിയൊരു വിഭാഗം പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കും.