Banner Ads

അടിമാലിയിൽ മണ്ണ് നീക്കുന്നു: ദേശീയപാത 85-ലെ ഗതാഗത സ്തംഭനം ഉടൻ പരിഹരിക്കും

ഇടുക്കി: ദേശിയപാത85ല്‍ അടിമാലി ലക്ഷംവീട് ഭാഗത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങി.ദേശിയപാത അതോററ്റിയുടെ നിരീക്ഷണത്തില്‍ കരാര്‍ കമ്പനിയാണ് മണ്ണ് നീക്കുന്നത്. ഏതാനും ദിവസത്തിനകം ദേശിയപാതയിലേക്ക് ഇടിഞ്ഞെത്തിയ മണ്ണ് പൂര്‍ണ്ണമായി നീക്കാനാകുമെന്നാണ് പ്രതീക്ഷ.

മണ്ണിടിഞ്ഞ് ദേശിയപാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ട് ഒരാഴ്ച്ച പിന്നിട്ടു.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലായിരുന്നു ദേശിയപാത85ല്‍ അടിമാലി ലക്ഷം വീട് ഭാഗത്ത് മണ്ണിടിച്ചില്‍ സംഭവിച്ചത്.നിര്‍മ്മാണ ജോലികള്‍ നടന്നിരുന്ന പാതയോരത്തു നിന്നും വലിയ മലയിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.ഇതോടെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു.അടിമാലി ടൗണില്‍ നിന്നും കൂമ്പന്‍പാറയില്‍ നിന്നും ഇടവഴികളിലൂടെയാണിപ്പോള്‍ ഗതാഗതം പുനക്രമീകരിച്ചിട്ടുള്ളത്.

ദുരന്ത ശേഷം മണ്ണ് നീക്കാന്‍ കരാര്‍ കമ്പനി ശ്രമം നടത്തിയിരുന്നെങ്കിലും തങ്ങളുടെ പുനരധിവാസ കാര്യത്തില്‍ തീരുമാനമാകാതെ മണ്ണ് നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍.ഇന്നലെ രാത്രിയില്‍ ജില്ലാ കളക്ടര്‍ നേരിട്ട് അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി കുടുംബങ്ങളുമായി സംസാരിക്കുകയും കുടുംബങ്ങളുടെ ആശങ്കകളില്‍ പരിഹാരമാര്‍ഗ്ഗം ഉറപ്പ് നല്‍കുകയും ചെയ്ത ശേഷമാണ് ഇന്ന് രാവിലെ മുതല്‍ ദുരന്തം സംഭവിച്ച ഭാഗത്ത് നിന്നും മണ്ണ് നീക്കി തുടങ്ങിയിട്ടുള്ളത്.

ദേശിയപാതയില്‍ വലിയ തോതില്‍ മണ്ണ് കൂടികിടക്കുന്ന സ്ഥിതിയുണ്ട്.ഏതാനും ദിവസത്തിനകം ദേശിയപാതയിലേക്ക് ഇടിഞ്ഞെത്തിയ മണ്ണ് പൂര്‍ണ്ണമായി നീക്കാനാകുമെന്നാണ് പ്രതീക്ഷ.മണ്ണ് മാറ്റിയ ശേഷം സ്ഥലത്തിന്റെ ഘടന പരിശോധിക്കും.പിന്നീടാകും സംരക്ഷണ ഭിത്തി നിര്‍മ്മാണമടക്കമുള്ള മറ്റ് നടപടിക്രമങ്ങളില്‍ തീരുമാനം കൈകൊള്ളുക.ഇതിന് ശേഷം മാത്രമെ ദേശിയപാതവഴി ഗതാഗതം പുനസ്ഥാപിക്കാനാകു.