
തിരുവനന്തപുരം:പി.എം. ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.കെ. ഫണ്ടുമായി ബന്ധപ്പെട്ടുള്ള പുതിയ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും, ഈ വിഷയം ഒരു ഉപസമിതി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. “കമ്മ്യൂണിസ്റ്റുകാരെ തമ്മിൽ തെറ്റിക്കാൻ ആരും ശ്രമിക്കേണ്ടതില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തൻ്റെ പരാമർശങ്ങളിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, മന്ത്രി വി. ശിവൻകുട്ടിയെ ഔദ്യോഗിക വസതിയിൽ നേരിട്ട് കണ്ട് ഖേദമറിയിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയോടെ മുന്നണിയിലെ തർക്കങ്ങൾക്ക് വിരാമമായെന്നാണ് സൂചന.കോലം കത്തിച്ച സംഭവത്തിലും സി.പി.ഐ. സംഘടനകളുടെ രൂക്ഷമായ വിമർശനത്തിലും തനിക്കുണ്ടായ വേദന മന്ത്രി ശിവൻകുട്ടി നേരത്തെ തുറന്നു പറഞ്ഞിരുന്നു. “എന്റെ കോലം കത്തിച്ചപ്പോൾ എനിക്ക് സന്തോഷം തോന്നിയില്ല.
സി.പി.ഐ.-സി.പി.എം. നേതാക്കൾ ചർച്ച നടക്കുന്ന സമയത്ത് കോലം കത്തിച്ചത് ശരിയായില്ല. പ്രതിപക്ഷ നേതാക്കൾ നടത്തുന്നതിനേക്കാൾ രൂക്ഷമായ വിമർശനമാണ് ഇവർ നടത്തിയത്,” അദ്ദേഹം വ്യക്തമാക്കി.”എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. സംഘടനകളുടെ പ്രതിഷേധം അതിരുകടന്നതായിരുന്നു. എന്റെ കോലം എന്തിനാണ് കത്തിച്ചത്? എന്റെ വീട്ടിലേക്ക് രണ്ടു തവണ പ്രകടനം നടത്തി.
ഞാൻ ബിനോയ് വിശ്വത്തെ വിളിച്ച് പരാതിപ്പെട്ടു, രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു. ഇവർക്കൊന്നും എൻ്റെ ചരിത്രം അറിയില്ല,” എന്നും വി. ശിവൻകുട്ടി പ്രതികരിച്ചിരുന്നു.മന്ത്രിമാർ തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച നടന്നതോടെ, മുന്നണിയിൽ ഉണ്ടായിരുന്ന ആശങ്കകൾ പരിഹരിക്കപ്പെട്ടതായും വിവാദം അവസാനിച്ചതായും വിലയിരുത്തപ്പെടുന്നു.