Banner Ads

മോഷ്ടാക്കൾക്ക് ധൈര്യം കൂടി; ആദ്യ മോഷണത്തിന് ശേഷം നന്നാക്കിയ വാതിൽ വീണ്ടും കുത്തിത്തുറന്നു

കണ്ണൂർ : പാപ്പിനിശ്ശേരിയിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ്റെ പൂട്ടിയിട്ട വീട്ടിൽ അടുത്തടുത്ത രണ്ട് ദിവസങ്ങളിലായി മോഷണ പരമ്പര. പാപ്പിനിശ്ശേരി വെസ്സിൽ ഇഎംഎസ് റോഡിന് സമീപത്തെ വാച്ചു പുറത്ത് സലാഹുദ്ദീൻ്റെ കെകെ അബൂബക്കർ ഹാജി മൻസിൽ എന്ന വീട്ടിലാണ് കവർച്ച നടന്നത്. 26 നും 29ന് മോഷണം നടത്തിയതായാണ് പരാതി.

ആദ്യ മോഷണത്തിൽ ചെറിയ വീട്ടുസാധനങ്ങളാണ് നഷ്ടപ്പെട്ടതെങ്കിൽ 29ന് നടന്ന കവർച്ചയിലാണ് പ്രധാനപ്പെട്ട സാധനങ്ങൾ മോഷണം പോയത്. ആർമി സർവീസ് രേഖകളും ടെലിവിഷൻ എൽഇഡി ലൈറ്റ് എമർജെൻസി ലൈറ്റ് ടോർച്ച് ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീട്ടിലെ സാധനങ്ങളും വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.

അലമാരകളും തകർത്തിട്ടുണ്ട്. 26ന് മോഷണം നടന്ന ശേഷം തകർത്ത വാതിൽ പുതുക്കിപ്പണിത് അടച്ചിരുന്നു. എന്നാൽ 29ന് വീണ്ടും വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. ആർമി ഉദ്യോഗസ്ഥനായ സലാഹുദ്ദീൻ നിലവിൽ ജോലി സ്ഥലത്തെ ക്വാർട്ടേഴ്സിലാണ് താമസം. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരാതി സ്വീകരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ തെളിവെടുപ്പ് നടത്തി.