
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനത്തിൽ, സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർദ്ധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ് കലാ പെൻഷനുകൾ എന്നിവയ്ക്കാണ് പ്രതിമാസം 400 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചത്.
ക്ഷേമ പെൻഷനുകളിൽ ഉൾപ്പെടാത്ത ട്രാൻസ്ജെൻഡർ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും. 35 മുതൽ 60 വയസ്സ് വരെ പ്രായമുള്ള, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വനിതകളെ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.കുടുംബശ്രീയുടെ എ.ഡി.എസ് (ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി) കളുടെ പ്രവർത്തനങ്ങൾക്കായി ഗ്രാൻഡും ഇതോടൊപ്പം നൽകും.
യുവതലമുറയ്ക്കായി ‘കണക്ട് ടു വർക്ക് സ്കോളർഷിപ്പ്’ പദ്ധതി പ്രഖ്യാപിച്ചു. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് മികച്ച ജോലി നേടാൻ സഹായിക്കുന്ന സ്റ്റൈപ്പൻഡായി പ്രതിമാസം 1000 രൂപ വീതം ലഭിക്കും.ഈ പദ്ധതികളിലൂടെ 5 ലക്ഷം യുവതി യുവാക്കൾക്ക് ഗുണഫലം ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതിനായി പ്രതിവർഷം 800 കോടി രൂപ സർക്കാർ ചെലവിടും.