
പാലക്കാട്: തൃത്താല പരുതൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പരുതൂർ മുടപ്പക്കാട് സ്വദേശി അൻഷാദ് ആണ് മരിച്ചത്. 18 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അൻഷാദ്. സുഹൃത്തുക്കൾ ഇറങ്ങുന്നതിന് മുമ്പ് തന്നെ അൻഷാദ് നീന്തൽ ആരംഭിച്ചിരുന്നു.
പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. വെള്ളിയാങ്കല്ല് ജലസംഭരണിയിലാണ് വിദ്യാർത്ഥിയെ കാണാതായത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് പട്ടാമ്പിയിൽ നിന്നും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.