Banner Ads

തിരുവല്ലയിൽ നിരോധിത പുകയില ശേഖരം: വാടകവീട്ടിൽനിന്ന് 9 ചാക്കുകൾ എക്സൈസ് പിടികൂടി.

തിരുവല്ല : തിരുവല്ല മതിൽഭാഗത്തെ വാടകവീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന 9 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. വീട് വാടകയ്ക്ക് എടുത്ത് പുകയില ഉൽപ്പന്നങ്ങൾ മൊത്തക്കച്ചവടം നടത്തിയിരുന്ന യുവാവിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുപ്പറമ്പിൽ വീട്ടിൽ പ്രവീൺ പ്രസാദ് (36 ) ആണ് പിടിയിലായത്.

എക്സൈസിനെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാവിലെ 9 മണിയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പുകയിലോ ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഹോട്ടലിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനായി എന്ന വ്യാജേനയാണ് രാജൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട് 5000 രൂപ വാടകയ്ക്ക് എടുത്തത്.

കഴിഞ്ഞ ഒന്നര വർഷക്കാലത്തോളം ആയി ഇയാൾ വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റുവന്നിരുന്നതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.