
കൊച്ചി: കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവാദങ്ങൾക്കൊടുവിൽ, വിദ്യാർത്ഥിനി പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പെൺകുട്ടി സെന്റ് റീത്താസ് സ്കൂൾ വിടാൻ തീരുമാനിച്ചത്.
പുതിയ സ്കൂളിലെ പ്രവേശന വിവരം പിതാവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് മകൾ എത്തിയതെന്ന് അദ്ദേഹം കുറിച്ചു.വിഷയത്തിൽ ഹൈക്കോടതിയിലുണ്ടായിരുന്ന ഹർജി നേരത്തെ തീർപ്പാക്കിയിരുന്നു.സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിക്കുകയും, തുടർനടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാർ വ്യക്തമാക്കുകയും ചെയ്തതോടെയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.
വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ എടുത്ത നിലപാട്, ഭരണഘടനാ അവകാശങ്ങളുടെ ലംഘനം നടന്നതുകൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും, കുട്ടിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടു എന്നുമായിരുന്നു.എന്നാൽ, സ്കൂളിന്റെ അഭിഭാഷകൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ലക്ഷ്യമിടുന്നതെന്നും, എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും വാദിച്ചു.
വിഷയം രമ്യമായി പരിഹരിക്കാൻ നിർദ്ദേശിച്ച കോടതി, എല്ലാ കക്ഷികളും തുടർനടപടിയില്ലെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്ന് ഹർജി തീർപ്പാക്കുകയായിരുന്നു.കേസിന്റെ തുടക്കം ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കാത്ത സ്കൂളിന്റെ നടപടിയിൽ വീഴ്ച കണ്ടെത്തി എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ഹർജിയിൽ വിദ്യാർത്ഥിക്കുവേണ്ടി അച്ഛനും കക്ഷി ചേരുകയായിരുന്നു.