
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം യുവതി മരിച്ചതായി ബന്ധുക്കളുടെ പരാതി. കോതനല്ലൂർ സ്വദേശിനി ശാലിനി അംബുജാക്ഷൻ (49) ആണ് മരിച്ചത്.ഇന്നലെ രാവിലെ ആറു മണിയോടെ ഗൈനക്കോളജി വിഭാഗത്തിൽ ‘ഡി ആൻഡ് സി’ (D&C) പരിശോധനക്കായാണ് ശാലിനി മകളോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയത്.
ശാലിനിക്ക് ബി.പി.യോ ഷുഗറോ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.ഗൈനക്കോളജി വിഭാഗത്തിൽ വെച്ച് ഗുളിക നൽകിയതിന് ശേഷം ഏകദേശം 15 മിനിറ്റിനുള്ളിൽ ശാലിനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാകുകയും പെട്ടെന്ന് അബോധാവസ്ഥയിലാകുകയും ചെയ്തു.
തുടർന്ന് ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ അഞ്ച് മണിയോടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.ചികിത്സാ പിഴവ് മൂലമാണ് ശാലിനി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.പരാതിയെ തുടർന്ന് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ഗാന്ധിനഗർ പോലീസ് അറിയിച്ചു.