Banner Ads

സാമ്പത്തിക പ്രശ്നം അതിരുവിട്ടു; മുതുതലയിൽ വീടിനും വാഹനങ്ങൾക്കും തീയിട്ടു

പാലക്കാട് : പാലക്കാട് മുതുതല കൊടുമുണ്ടയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് വീടിന് തീയിട്ടു. മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിൻ്റെ വീടാണ് ആക്രമിക്കപ്പെട്ടത്. അക്രമി വീടിന് തീയിട്ട ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇബ്രാഹിമിൻ്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇന്നോവ കാറും സ്കൂട്ടറും പൂർണ്ണമായും കത്തിനശിച്ചു.

വീടിന് തീ പിടിക്കുകയും വീട്ടുപകരണങ്ങൾ ഭാഗികമായി കത്തിനശിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് ഇബ്രാഹിമിൻ്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ടെത്തിയിട്ടുണ്ട്. തനിക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്നും പണം നൽകാതെ ഇബ്രാഹിം മുങ്ങി നടക്കുകയാണെന്നും നോട്ടീസിൽ എഴുതിയിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ പ്രവാസിയായ ഇബ്രാഹിമിൻ്റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. ഗുരുതരമായി പരിക്കേറ്റ പ്രേംദാസിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചു.