Banner Ads

ഈ വർഷം മൂന്നാമത്; കേരളത്തിൽ വീണ്ടും കോളറ രോഗബാധ

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും കോളറ രോഗബാധ. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം പടരുന്നതിനിടെ കോളറ രോഗബാധയും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഈ മാസം 25നാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതര സംസ്ഥാനത്തു നിന്ന് എത്തി വൈകാതെ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇയാളെ എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ രോഗബാധയാണിത്.

ഏപ്രിലിൽ തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63-കാരൻ കോളറ മൂലം മരിച്ചിരുന്നു. മേയിൽ കുട്ടനാട് തലവടി സ്വദേശിയായ 48-കാരൻ കോളറ ബാധിച്ച് മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് മരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് പന്ത്രണ്ട് കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.