
കൊച്ചി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോൻതാ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഇതിൻ്റെ ഭാഗമായി ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആന്ധ്രാ തീരത്ത് മണിക്കൂറിൽ 110 കിലോമീറ്റർ വരെ തീവ്രതയുള്ള ചുഴലിക്കാറ്റിന് സാധ്യത പ്രവചിച്ചതിനാൽ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കർണാടക തീരത്ത് ഇന്നും മറ്റന്നാളും വരെ മത്സ്യബന്ധനത്തിന് പോകരുത്.
കേരളത്തോടും ലക്ഷദ്വീപിനോടും ചേർന്നുള്ള സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.