
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയും സിപിഐക്കെതിരെയും രൂക്ഷ വിമർശനവുമായി മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. പിഎം ശ്രീ വിഷയത്തിൽ സംസ്ഥാന സർക്കാർ സിപിഐയെ ഉറക്കി കിടത്തിയിരിക്കുകയാണെന്ന് ജെബി മേത്തർ ആരോപിച്ചു.
പിണറായി മോദി, മകൾ, മണി അങ്ങനെയാണ് ഇനി മുഖ്യമന്ത്രി അറിയപ്പെടാൻ പോകുന്നതെന്ന് ജെബി മേത്തർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ മഹിള കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് വ്യക്തമാക്കി. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ സർക്കാർ തുടർച്ചയായി തഴയുകയാണ്. കേരളത്തിൽ നടപ്പാക്കുന്നത് പിണറായി പ്രൈവറ്റ് പ്രൊജക്ട് ആണെന്ന് എംപി ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാഹുൽ വിഷയത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ ആര് സൈബർ ആക്രമണം നടത്തിയാലും നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. മഹിള കോൺഗ്രസ് ഭാരവാഹികളായ ആരും സൈബർ ആക്രമണം നടത്തിയതായി തനിക്ക് അറിവില്ലെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.