Banner Ads

പുന്നപ്ര-വയലാർ സ്മരണയിൽ; രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം, പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: പുന്നപ്ര-വയലാർ ഐതിഹാസിക സമരത്തിന്റെ സ്മരണ പുതുക്കിയുള്ള രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനമാകും. വാരാചരണത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം രാവിലെ 7.30-ന് ആലപ്പുഴ വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കും.മുൻമന്ത്രി ജി. സുധാകരൻ ആണ് ഇത്തവണയും ദീപശിഖ തെളിയിച്ച് കൈമാറുന്നത്.

സൈബർ അധിക്ഷേപങ്ങളെ തുടർന്ന് ആലപ്പുഴ ജില്ലാ നേതൃത്വത്തോട് അതൃപ്തിയുണ്ടെങ്കിലും, സുപ്രധാനമായ ചടങ്ങിനായി അദ്ദേഹം വലിയചുടുകാട്ടിൽ എത്തും. മുൻപ് വി.എസ്. അച്യുതാനന്ദനായിരുന്നു 2019 വരെ ഈ ചടങ്ങ് നിർവഹിച്ചിരുന്നത്.വലിയചുടുകാട്‌ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 11 മണിയോടെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും.വൈകിട്ട് 5 മണിക്ക് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ‘പുന്നപ്ര വയലാർ സമരസേനാനികൾ ഡയറക്ടറി’യുടെ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിക്കും.സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം., സി.പി.ഐ. മന്ത്രിമാർ, പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുക്കും. സി.പി.എമ്മും സി.പി.ഐ.യും സംയുക്തമായാണ് രക്തസാക്ഷി വാരാചരണ പരിപാടികൾ സംഘടിപ്പിച്ചത്.