Banner Ads

ജലനിരപ്പ് അപകടകരമായ നിലയിൽ: സംസ്ഥാനത്തെ പ്രധാന നദികളിൽ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നിലവിലെ അപകടാവസ്ഥ കണക്കിലെടുത്ത് നദികളിൽ ഇറങ്ങുന്നതും മുറിച്ചു കടക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദ്ദേശമനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, ജലനിരപ്പ് ക്രമാനുഗതമായി ഉയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ 10 ഡാമുകളിൽ റെഡ് അലർട്ടും, 3 ഡാമുകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ കീഴിലുള്ള അഞ്ച് ഡാമുകളിലും, തിരുവനന്തപുരം നെയ്യാർ ഡാമിലും, പാലക്കാടുള്ള നാല് ഡാമുകളിലുമാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡാമുകൾക്ക് സമീപം താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി.