
തിരുവനന്തപുരം : എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ വെച്ച് വനിതാ കാബിൻ ക്രൂവിനെ ആക്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. കൊല്ലം സ്വദേശി റഷീദാണ് വലിയതുറ പോലീസിന്റെ പിടിയിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനത്തിലാണ് സംഭവം.
വിമാനത്തിനുള്ളിൽ മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ റഷീദ് പെരുമാറിയതിനെ തുടർന്ന് കാബിൻ ക്രൂ ഇയാളോട് സീറ്റ് മാറി ഇരിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ റഷീദ് കാബിൻ ക്രൂവിനു നേരെ തിരിയുകയും ആക്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച മറ്റ് യാത്രക്കാർക്ക് നേരെയും ഇയാൾ ബഹളമുണ്ടാക്കി.
ആക്രമണം നേരിട്ടതോടെ കാബിൻ ക്രൂ പൈലറ്റ് വഴി എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് സന്ദേശം കൈമാറി. വിമാനം ലാൻഡിംഗ് നടത്തിയ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ റഷീദിനെ പിടികൂടി വലിയതുറ പോലീസിന് കൈമാറി. കാബിൻ ക്രൂവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.