
മൂന്നാർ: വൻകുഴി രൂപപ്പെട്ട് അപകടനിലയിലായ മൂന്നാർ ആർഒ ജങ്ഷനിലെ പാലം പുനർനിർമിക്കാൻ നടപടിയില്ല. മൂന്നാർ ടൗണിനെ മാട്ടുപ്പട്ടി-ദേവികുളം റോഡുകളുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ പാലത്തിന് നടുവിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. മഴ ശക്തമായതോടെ പാലത്തിനു നടുവിൽ വെള്ളം കെട്ടി നിൽക്കുകയാണ്.
ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന് ശക്തമായ വിറയൽ അനുഭവപ്പെടുന്നുണ്ട്. പാലത്തിന്റെ കൈവരികളും തകർന്നു കിടക്കുകയാണ്. വൻ അപകട ഭീഷണിയുയർത്തുന്ന പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ ഇതുവരെ തയ്യാറായിട്ടില്ല.ബ്രിട്ടീഷ് ഭരണകാലത്ത് മുതിരപ്പുഴയാറിന് കുറുകെ ഇരുമ്പു കൊണ്ട് നിർമിച്ച പാലമാണിത്. മഴക്കാലത്ത് ശക്തമായ നീരൊഴുക്കാണ് പുഴയിൽ അനുഭവപ്പെടുന്നത്.
നേരത്തെ കോൺക്രീറ്റ് ഉപയോഗിച്ച് പാലത്തിലെ കുഴിയടച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കകം കോൺക്രീറ്റ് ഇളക്കി വൻകുഴി രൂപപ്പെടുകയായിരുന്നു. പാലത്തിന് അടിഭാഗത്തുള്ള ഇരുമ്പ് പാളികൾക്ക് കേടുപാട് സംഭവിച്ചതായി സൂചനയുണ്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലൂടെ യാത്ര അനുവദിക്കുന്നത് വൻ ദുരന്തത്തിന് കാരണമായേക്കും. വാഹനങ്ങൾ കുഴിയിൽ കുടുങ്ങുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
പാലം ദേശീയപാത അതോറിറ്റിയുടെ കീഴിലായതിനാൽ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ചൂണ്ടിക്കാട്ടി എ.രാജ എംഎൽഎ ജില്ലാ കളക്ടർ, എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് നേരത്തെ കത്തുനൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലാണ് ഇത്തരത്തിൽ പാലം അപകട ഭീഷണിയുയർത്തുന്നത്.
കുഴി രൂപപ്പെട്ടിട്ട് നാളുകളായി. നാട്ടുകാർക്കും സഞ്ചാരികൾക്കും ഇത് ഭീഷണിയാണ്. പാലം ദേശീയപാത അതോറിറ്റിക്ക് കീഴിലാണെന്ന് പറഞ്ഞ് ആർക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല. ഉടൻ അറ്റകുറ്റപ്പണികൾ നടത്തണം