Banner Ads

“പാലായിലെ ചടങ്ങിൽ മോളുമായി മുൻസീറ്റിലുണ്ടാകണം”: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വാക്ക് കേട്ട് അഭിമാനത്തോടെ ബിന്ദു ഷാജി.

ഏറ്റുമാനൂർ: രാഷ്ട്രപതി ഭവനിൽ ദ്രൗപദി മുർമുവിന്റെ വിശ്വസ്ത പരിചാരകയായി 26 വർഷമായി സേവനമനുഷ്ഠിക്കുന്ന ബിന്ദു ഷാജിക്കും മകൾ സാന്ദ്ര മേരി ഷാജിക്കും പാലായിൽ നടന്ന ചടങ്ങിൽ അപൂർവ ബഹുമതി. പാലായിലെ ആഘോഷവേളയിൽ മകളോടൊപ്പം മുൻസീറ്റിൽ ഉണ്ടാവണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ബിന്ദുവിനോട് പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നു.

സെന്റ്. തോമസ് കോളേജ് വിദ്യാർത്ഥിനിയായ സാന്ദ്ര മേരി ഷാജി, മറ്റ് വിദ്യാർത്ഥികൾക്ക് പിന്നിലിരിക്കേണ്ടി വന്നപ്പോൾ വി.ഐ.പികൾക്കൊപ്പമുള്ള സദസിന്റെ മുൻനിരയിൽ അമ്മ ബിന്ദുവിനരികിൽ ഇരിപ്പുറപ്പിച്ചു.

26 വർഷത്തെ സ്നേഹബന്ധം ഏറ്റുമാനൂർ ചകിരിയാംതടത്തിൽ പരേതനായ ഷാജിയുടെ ഭാര്യയായ ബിന്ദു, 1999-ൽ ഡൽഹി അപ്പോളോ ആശുപത്രിയിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് എത്തുകയായിരുന്നു. കെ.ആർ. നാരായണൻ ഉൾപ്പെടെ നിരവധി രാഷ്ട്രപതിമാരെ പരിചരിച്ചിട്ടുണ്ടെങ്കിലും ദ്രൗപദി മുർമുവുമായാണ് തനിക്ക് ഏറ്റവും വ്യക്തിപരമായ അടുപ്പമെന്ന് ബിന്ദു അഭിമാനത്തോടെ പറയുന്നു.

പ്രോത്സാഹനമായി രാഷ്ട്രപതി: ബിന്ദുവിന്റെ മക്കളായ സാന്ദ്ര മേരി ഷാജിയും സ്നേഹ മരിയ ഷാജിയും ഡൽഹിയിലാണ് വളർന്നതും പഠിച്ചതും. ഇരുവരുടെയും നൃത്താഭിരുചി തിരിച്ചറിഞ്ഞ രാഷ്ട്രപതി മുർമു, അവർക്ക് വേണ്ട പ്രോത്സാഹനം നൽകിയിരുന്നു. ഈ വർഷമാണ് സാന്ദ്ര പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിനായി സെന്റ്. തോമസ് കോളേജിൽ പ്രവേശനം നേടിയത്. രാഷ്ട്രപതിക്ക് സ്വാഗതമരുളാൻ ചിത്രീകരിച്ച നൃത്തരംഗത്തിൽ തെയ്യം വേഷത്തിലെത്തിയത് ബിന്ദുവിന്റെ ഇളയ മകൾ സ്നേഹയായിരുന്നു.

പാലായിലേക്കുള്ള ക്ഷണം ലഭിച്ചപ്പോൾ തന്നെ രാഷ്ട്രപതി മുർമു ബിന്ദുവിനോട് സദസ്സിൽ മുൻനിരയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യ പരിപാടി റദ്ദാക്കിയ ശേഷം വീണ്ടും എത്തിയപ്പോഴും ഈ ആവശ്യം രാഷ്ട്രപതി ആവർത്തിക്കുകയായിരുന്നു.