
പാലക്കാട്: പുലിപേടിയിൽ പാലക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോല നിവാസികൾ. കഴിഞ്ഞദിവസം പൂഞ്ചോലയിലെ വാക്കോടൻ അംബിക രവിയുടെ വീട്ടുമുറ്റത്ത് നിന്നും വളർത്തു നായയെ പുലി പിടിച്ചു. രാവിലെ വളർത്ത് നായ്ക്കുട്ടികളിൽ ഒന്നിനെ കാണാതായതിനെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി വീട്ടുമുറ്റത്തെത്തി നായ്ക്കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടത്.
മണിക്കൂറുകൾക്കു ശേഷം കാഞ്ഞിരപ്പുഴ പൂഞ്ചോല കുറ്റ്യാംപാടം പുലാവഴിയിൽ സുനിലിന്റെ നായയെയും പുലി കൊന്ന് തിന്നു. വിലപിടിപ്പുള്ള നായയാണ് പുലി ഇരയാക്കിയത്. തെരുവ് നായ്ക്കളെ ലക്ഷ്യം വെച്ച് പുലി ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. പ്രദേശത്തെ ക്ഷീരകർഷകർ വലിയ ആകുലതയോടെയാണ് സംഭവത്തെ കാണുന്നത്.
ചെറിയ കുഞ്ഞുങ്ങളും മറ്റുമായി കഴിയുന്ന നാട്ടുകാരും പുലിയുടെ സാന്നിധ്യത്തിൽ ഭീതിയിലാണ് ‘ പ്രദേശത്ത് പുലി ഇറങ്ങുന്നത് തടയാനും ജനങ്ങൾക്ക് സുരക്ഷ ഒരുക്കാനും വനംവകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.