Banner Ads

താമരശ്ശേരി സംഘർഷത്തിൽ പ്രതിഷേധിച്ചു: ഇന്ന് 11 വാർഡുകളിൽ ഹർത്താൽ ആചരിക്കും

കോഴിക്കോട്: ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലായി 11 വാർഡുകളിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു. താമരശ്ശേരി അമ്പായത്തോട്ടിൽ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ നടന്ന പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നാണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്.

ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗമായ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നീ 11 വാർഡുകളിലാണ് ഹർത്താൽ.

സംഘർഷത്തെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു. പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളാണ് ഹർത്താൽ പ്രഖ്യാപിച്ചത്. അതേസമയം, താമരശ്ശേരിയിൽ നടന്നത് ആസൂത്രിത അക്രമമാണെന്നാണ് പോലീസ് ആരോപിക്കുന്നത്.