
കൊല്ലം മുട്ടറ മരുതിമലയിൽ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 14 വയസ്സുകാരിയും മരിച്ചു. അടൂർ മുണ്ടപ്പള്ളി പെരിങ്ങനാട് സുവർണഭവനിൽ സുകുവിന്റെ മകൾ ശിവർണയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
ഇതോടെ ഈ ദാരുണ സംഭവത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി.ഒക്ടോബർ 17 ന് വൈകിട്ടാണ് ശിവർണയും മീനു എന്ന 34 കാരിയും ചേർന്ന് മരുതിമലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടിയത്. ഇരുവരെയും വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായിരുന്നു. ഇവരുടെ സ്കൂൾ ബാഗുകൾ പെരിങ്ങനാട് സ്കൂളിന് സമീപത്തെ കടയിൽനിന്ന് അന്നേദിവസം കണ്ടെത്തിയിരുന്നു.പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഇരുവരും മരുതിമലയിൽ ഇരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.
നാട്ടുകാർ ഉടൻ പൂയപ്പള്ളി പോലീസിൽ വിവരമറിയിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ ഇരുവരും താഴേക്ക് ചാടുകയായിരുന്നു. മീനു സംഭവദിവസം തന്നെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശിവർണയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.