Banner Ads

പുലി കിണറ്റിൽ തന്നെ! കൂടരഞ്ഞിയിലെ കിണറ്റിൽ വീണത് പുലിയെന്ന് വനംവകുപ്പ് ക്യാമറയിൽ സ്ഥിരീകരണം

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കിണറ്റിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് രണ്ടുദിവസമായി തുടർന്ന ആശങ്കയ്ക്ക് വിരാമമായത്. പെരുമ്പൂളയിലെ കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ കിണറ്റിലാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പുലി വീണത്.

ചൊവ്വാഴ്ച വൈകിട്ട് പുലിയുടേതെന്നു കരുതുന്ന ശബ്ദം അയൽവാസികൾ കേട്ടിരുന്നു. ഇരുട്ടായതിനാൽ അന്ന് പരിശോധന നടത്താനായില്ല. ബുധനാഴ്ച കുര്യനും അയൽക്കാരും ചെന്നു നോക്കിയപ്പോഴാണ് കിണറ്റിൽ ജീവിയെ കണ്ടത്. എന്നാൽ, ആളുകളുടെ ശബ്ദം കേട്ടതോടെ പുലി കിണറിനുള്ളിലെ ഗുഹയിലേക്ക് കയറി ഒളിച്ചു.പുലിയാണോ കടുവയാണോ എന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു.

ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി കിണറ്റിൽ ക്യാമറ സ്ഥാപിച്ചെങ്കിലും ആദ്യം ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. ഇന്നലെയാണ് ക്യാമറയിൽ പുലിയുടെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞത്. കിണറിൻ്റെ ഒരു വശത്ത് പുലിയുടെ കാൽപ്പാടും പതിഞ്ഞിട്ടുണ്ട്.കിണറ്റിൽ കൂട് സ്ഥാപിച്ച് പുലിയെ പുറത്തിറക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം.

കഴിഞ്ഞ ആഴ്ചയും പ്രദേശത്ത് പുലിയെ കണ്ടിരുന്നതായി ചിലർ പറയുന്നു. കൂടാതെ, കഴിഞ്ഞ ജനുവരിയിൽ സമീപപ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഒരു പുലി കുടുങ്ങിയിരുന്നു. ഇതോടെ പ്രദേശം വീണ്ടും പുലിഭീതിയിലാണ്.