Banner Ads

കായിക വിദ്യാഭ്യാസം നിർബന്ധമാക്കുന്നു: സ്കൂൾ വിദ്യാർഥികൾ ഏതെങ്കിലും ഒരു കായികയിനം പഠിച്ചിരിക്കണം; മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷം മുതൽ ഏതെങ്കിലും ഒരു കായികയിനം വിദ്യാർഥികൾ നിർബന്ധമായും പഠിക്കണമെന്ന നിബന്ധന കൊണ്ടുവരുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. പഠനത്തോടൊപ്പം വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ചേന്ദമംഗല്ലൂർ ജി.എം.യു.പി. സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന സർക്കാർ നിലപാടിനൊപ്പം നിന്ന് അധ്യാപകർ വിദ്യാർഥികളെ സ്വന്തം മക്കളായി പരിഗണിക്കണം.ശാസ്ത്രസാങ്കേതിക വിദ്യ ജീവിതത്തിന്റെ നാനാ തുറകളിലും ആവശ്യമാകുന്ന കാലത്ത്, പുതിയ പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നതിനുള്ള പരിശീലനം അധ്യാപകർക്ക് കാര്യക്ഷമമായി തുടരുന്നുണ്ട്.

വലിയ മതസൗഹാർദ്ദ ചരിത്രമുള്ള ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നാണ് 1200 കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ. കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ‘നാട്ടുസത്കാരം’ മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കിഫ്ബിയിലൂടെ അനുവദിച്ച 3.9 കോടി രൂപ ഉപയോഗിച്ചാണ് ചേന്ദമംഗല്ലൂർ യു.പി. സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. മൂന്ന് നിലകളിലായി ഓഫീസ്, ലൈബ്രറി, ഏഴ് ക്ലാസ്സ് റൂമുകൾ, ഹാൾ, ടോയ്‌ലറ്റ് എന്നിവ ഉൾപ്പെടുന്ന കെട്ടിടം ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമ്മിച്ചത്.

ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൺ പി.ടി. ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കൃഷ്ണഗോപാൽ, സ്കൂൾ ഹെഡ് മാസ്റ്റർ കെ. വാസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരള ഒളിമ്പിക്സ് ജൂഡോ യോഗ്യത നേടിയ എ.കെ. ആരാധ്യരാജ്, കെട്ടിടത്തിൻ്റെ ആർക്കിടെക്റ്റ് ഡിസൈനർ അഭിരാം മനോജ്, ഊരാളുങ്കൽ എഞ്ചിനീയർമാർ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു