Banner Ads

റോൾഡ് ഗോൾഡിനായി സാഹസം; നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി മാല പൊട്ടിച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ : പേര്യയിൽ വയോധികയുടെ മാല കവർന്ന സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ എം കെ റാഷിദ് (29), മുഹമ്മദ്‌ മിഥിലാജ് (24) എന്നിവരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈഎസ്പി വി കെ വിശ്വംഭരന്റെ പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടിയത്.ഒക്ടോബർ 10-ന് ഉച്ചയ്ക്ക് പേര്യ ആലാർ ഡിസ്കോ കവലയിലാണ് സംഭവം.

വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഇരുമനത്തൂർ സ്വദേശിനിയായ വയോധികയുടെ കഴുത്തിൽ നിന്നാണ് പ്രതികൾ മാല കവർന്നത്. നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കിലാണ് ഇവർ മോഷണത്തിനെത്തിയത്. സ്വർണ്ണമാലയാണെന്ന് കരുതി കവർന്ന മാല പിന്നീട് റോൾഡ് ഗോൾഡ് ആണെന്ന് തിരിച്ചറിഞ്ഞു.

രണ്ട് പ്രതികളെയും കണ്ണൂരിലെത്തിയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. സബ് ഇസ്പെക്ടർ ടി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. അറസ്റ്റ് ചെയ്ത ഇരുവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.