Banner Ads

കുടുംബത്തോടൊപ്പം സന്തോഷ യാത്ര, ഒടുവിൽ ദുരന്തം: മലയാളി ഡോക്ടർ തായ്‌ലൻഡിൽ മുങ്ങി മരിച്ചു

ചാലക്കുടി: കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടർ തായ്‌ലൻഡിൽ മുങ്ങി മരിച്ചു. ചാലക്കുടി പോട്ട, തച്ചുടപ്പറമ്പ് മുണ്ടക്കത്തുപറമ്പിൽ സദാനന്ദന്റെ മകനും തിരുച്ചിറപ്പള്ളി റെയിൽവേ ഡിവിഷണൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുമായ ഡോ. രാഹുലൻ (37) ആണ് മരിച്ചത്.

ഈ മാസം 12-നാണ് ഭാര്യ ഡോ. ബേബി മിനുവിനൊപ്പം ഡോ. രാഹുലൻ തായ്‌ലൻഡിലെത്തിയത്. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെ കടലിലെ ആഴമില്ലാത്ത ഭാഗത്ത് നീന്തുന്നതിനിടയിലാണ് അപകടമുണ്ടായത്.

മുങ്ങിത്താഴ്ന്ന രാഹുലനെ ഉടൻ തന്നെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലും തുടർന്ന് സ്പെഷ്യാൽറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും, രാത്രി എട്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിനോദയാത്രയ്ക്കിടെയുണ്ടായ ഈ ദുരന്തം നാടിനെ ദുഃഖത്തിലാഴ്ത്തി.