
ചെന്നൈ : തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് ഇന്ന് കരൂർ സന്ദർശിക്കില്ല. കരൂർ ദുരന്തത്തിൽ സി.ബി.ഐ. അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. സി.ബി.ഐ. അന്വേഷണത്തെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ടി.വി.കെ. നേതാക്കൾ വ്യക്തമാക്കി. നേരത്തെ വിജയ് ഇന്ന് കരൂരിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടെ ടി.വി.കെയുടെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലുള്ള ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചു. 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിനുശേഷം 17 ദിവസമായി ഈ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. സെപ്റ്റംബർ 27-ന് വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിന് കാരണമായത്. ഇതിനെത്തുടർന്ന് ടി.വി.കെയുടെ റാലി ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.
നിലവിൽ പട്ടിണപ്പാക്കത്തുള്ള വസതിയിൽ തുടരുന്ന വിജയ് ബസ്സി ആനന്ദ്, ആദവ് അർജുൻ, സി.ടി.ആർ. നിർമ്മൽ കുമാർ, അരുൺ എന്നിവരുൾപ്പെടെയുള്ള പ്രധാന ടി.വി.കെ. നേതാക്കളുമായി ചർച്ച നടത്തി. കരൂർ ദുരന്തത്തിനുശേഷം ആദ്യമായാണ് ഇത്ര വിപുലമായ ഒരു ചർച്ച നടക്കുന്നത്. സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ നേതാക്കൾ തീരുമാനിച്ചു.