തിരുവനന്തപുരം: ദേവസ്വം കമ്മീഷണര്ക്ക് കൂടുതൽ അധികാരങ്ങൾ നൽകി ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ ഇടപെടാൻ സർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം നൽകിയ ശുപാർശയിന്മേൽ സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ, സർക്കാർ നിയമിക്കുന്ന കമ്മീഷണർക്ക് ദേവസ്വം ബോർഡ് സെക്രട്ടറിയുടെ അധികാരങ്ങൾ കൈമാറാനും ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാനും അവസരം നൽകാനാണ് നീക്കം.
തിരുവിതാംകൂർ ദേവസ്വം ഉൾപ്പെടെയുള്ള ദേവസ്വങ്ങളിൽ സർക്കാരിൻ്റെ നിയന്ത്രണം കുറവാണ്. സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളാണ് ബോർഡിലെങ്കിലും ദൈനംദിന പ്രവർത്തനങ്ങളിലും നിയമപരമായ വിഷയങ്ങളിലും അധികാരം ബോർഡിനാണ്. സ്വർണ്ണപ്പാളി കടത്തൽ പോലുള്ള വിവാദ തീരുമാനങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ബോർഡുകളിൽ അഴിച്ചുപണിക്ക് സർക്കാർ തയ്യാറെടുക്കുന്നത്. സർക്കാരിൻ്റെ പ്രതിനിധിയായ ദേവസ്വം കമ്മീഷണറുടെ അധികാരങ്ങൾ വർദ്ധിപ്പിക്കാനും ബോർഡിലെ നിയമന രീതികളിൽ മാറ്റം വരുത്താനുമാണ് പ്രധാനമായും ശ്രമിക്കുന്നത്.
മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിൽ സർക്കാർ നോമിനിയായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ/അഡ്മിനിസ്ട്രേറ്ററോ ആണ് ബോർഡ് സെക്രട്ടറിയായി പ്രവർത്തിക്കുന്നത്. എന്നാൽ കൊച്ചി, തിരുവിതാംകൂർ ദേവസ്വങ്ങളിൽ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനെ ദേവസ്വം കമ്മീഷണറായി നിയമിക്കുന്നുണ്ടെങ്കിലും നിലവിൽ കാര്യമായ അധികാരങ്ങളില്ല. ബോർഡ് യോഗത്തിൽ പങ്കെടുക്കാനോ അഭിപ്രായം പറയാനോ കമ്മീഷണർക്ക് അനുമതിയില്ല. ബോർഡിലെ സ്ഥാനക്കയറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥനായ സെക്രട്ടറിക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്.
ഈ സംവിധാനം മാറ്റി, കമ്മീഷണർക്ക് തന്നെ സെക്രട്ടറിയുടെ അധികാരങ്ങൾ നൽകുന്നത് ബോർഡിൻ്റെ പക്ഷപാതപരമായ തീരുമാനങ്ങൾ തിരുത്തുന്നതിന് സഹായകമാകുമെന്നാണ് ദേവസ്വം സെക്രട്ടറി സർക്കാരിന് നൽകിയ ശുപാർശയിൽ പറയുന്നത്. കളക്ടർ പദവി കഴിഞ്ഞ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ കമ്മീഷണറാക്കുന്നത് ഭരണവും ഏകോപനവും കാര്യക്ഷമമാക്കും. കൂടാതെ, അസിസ്റ്റൻ്റ് കമ്മീഷണർ-എൻജിനീയർ മുതലുള്ള ഉദ്യോഗസ്ഥരുടെ നിയമനവും അച്ചടക്ക നടപടികളും കമ്മീഷണറുടെ കീഴിൽ കൊണ്ടുവരണമെന്നും ശുപാർശയിൽ പറയുന്നു.