Banner Ads

അർജുൻ്റെ ആത്മഹത്യ: കണ്ണാടി സ്കൂൾ നാല് ദിവസത്തേക്ക് അടച്ചു; പ്രധാനാധ്യാപികയും ക്ലാസ് അധ്യാപികയും സസ്‌പെൻഷനിൽ.

പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ്റെ ആത്മഹത്യയെ തുടർന്ന് സ്കൂൾ നാല് ദിവസത്തേക്ക് അടച്ചു. വ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ക്ലാസ് അധ്യാപികയെയും പ്രധാനാധ്യാപികയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ കഴിഞ്ഞ ദിവസമാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. ക്ലാസ് അധ്യാപികയായ ആശയുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച സന്ദേശങ്ങളെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ അടയ്ക്കുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തി.

ഈ ഭീഷണിയാണ് അർജുനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.അധ്യാപിക ക്ലാസിൽ വെച്ച് സൈബർ സെല്ലിൽ വിളിച്ചതിന് പിന്നാലെ അർജുൻ അതീവ അസ്വസ്ഥനായി കാണപ്പെട്ടിരുന്നതായി സഹപാഠികൾ പറയുന്നു.സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സ്കൂൾ മുറ്റത്ത് പ്രതിഷേധിച്ചു. വിദ്യാർത്ഥി സംഘടനകളും പ്രധാനാധ്യാപികയെ ഉപരോധിച്ചു.

അധ്യാപികയ്ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന പ്രധാനാധ്യാപിക ലിസിയുടെ ആവർത്തിച്ചുള്ള നിലപാടാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കിയത്. തുടർന്നാണ് സ്കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പ്രധാനാധ്യാപിക ലിസിയെയും അധ്യാപിക ആശയെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.