Banner Ads

മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ; പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും

മനാമ : മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി. സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. ഇന്നലെ രാത്രിയോടെയാണ് മുഖ്യമന്ത്രി ബഹ്‌റൈനിലെത്തിയത്. നാളെ ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് ഈ പരിപാടിയുടെ സംഘാടനം. അതേസമയം ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം ഒക്ടോബർ 24, 25 തീയതികളിൽ ഒമാനിലെ മസ്കത്തിലും സലാലയിലും മുഖ്യമന്ത്രി എത്തും.

ഒമാനിൽ 26 വർഷങ്ങൾക്കു ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി എത്തുന്നത്. മസ്കത്തിലെ അമിറാത്ത് പാർക്കിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് – കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിൽ മുഖ്യമന്ത്രി മുഖ്യാതിഥിയാകും. ഒക്ടോബർ 30-ന് ഖത്തറിലും നവംബർ 7-ന് കുവൈത്തിലും നവംബർ 9-ന് യു.എ.ഇയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങൾ ഉണ്ടാകില്ലെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരുക്കമായി ഇത് മാറും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം യു.എ.ഇയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.