ആലുവ : ആലുവ മെട്രോ പില്ലറിന് മുകളിൽ അഞ്ചുദിവസമായി കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്സിന്റെയും രക്ഷാപ്രവർത്തകരുടെയും മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ താഴെയിറക്കി. ആലുവ മെട്രോ സ്റ്റേഷന് സമീപം 29-ാം നമ്പർ പില്ലറിന്റെ മുകളിലാണ് പൂച്ച കുടുങ്ങിയത്.
ആദ്യ ദിവസങ്ങളിൽ നാട്ടുകാർ ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും ഉയരം കാരണം സാധിച്ചില്ല. തുടർന്ന് അനിമൽ റെസ്ക്യൂ ടീം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് അഗ്നിരക്ഷാസേന രംഗത്തെത്തിയത്. രക്ഷാപ്രവർത്തനത്തിനായി ക്രെയിൻ എത്തിച്ചാണ് ഫയർഫോഴ്സ് ശ്രമങ്ങൾ നടത്തിയത്.
ക്രെയിൻ ഉപയോഗിച്ച് പൂച്ചയെ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ പൂച്ച താഴേക്ക് ചാടുകയായിരുന്നു. ഉയരത്തിൽ നിന്നുള്ള ചാട്ടത്തിൽ പൂച്ചയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. താഴെ വീണ പൂച്ചയെ അനിമൽ റെസ്ക്യൂ ടീം പിടികൂടി തുടർ ചികിത്സയ്ക്കായി കൊണ്ടുപോയി.