
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255.830 ഗ്രാം സ്വർണം കാണാതായതായിയെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള ഓഡിറ്റ് വിഭാഗമാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ നടത്തിയത്.
തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്തിയതനുസരിച്ച്, 199 സ്വർണ ഉരുപ്പടികളിലായി കുറഞ്ഞത് 3247.900 ഗ്രാം സ്വർണം ക്ഷേത്രത്തിൽ ഉണ്ടായിരിക്കണം.എന്നാൽ, വൈക്കം ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ ഉണ്ടായിരുന്ന സ്വർണ ഉരുപ്പടികൾ അടങ്ങിയ പൊതിയിലും വെള്ളി ഇനങ്ങൾ അടങ്ങിയ മറ്റൊരു പൊതിയിലുമായി രേഖപ്പെടുത്തിയിരുന്നത് 2992.070 ഗ്രാം തൂക്കമാണ്.
ഈ കണക്കനുസരിച്ച് 255.830 ഗ്രാം സ്വർണം കാണാനില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.2020-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടാണ് കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഈ വിഷയത്തിൽ ദേവസ്വം ബോർഡ് തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് ക്ഷേത്രത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയിലേക്ക് വിരൽ ചൂണ്ടുന്നു.