Banner Ads

മോതിരം വില്ലനായി; കൈവിരലിൽ കുടുങ്ങി വേദന: മിനിറ്റുകൾക്കകം രക്ഷപ്പെടുത്തി ഫയർ ഫോഴ്‌സ്.

തിരുവനന്തപുരം: കൈവിരലിൽ മോതിരം കുടുങ്ങി വേദന കൊണ്ട് പുളഞ്ഞ പതിനഞ്ചുകാരന് വിഴിഞ്ഞം ഫയർ ഫോഴ്‌സ് രക്ഷകരായി. പാച്ചല്ലൂർ സ്വദേശിയായ മുഹമ്മദ് റിയാസ് (15) ആണ് ധരിച്ച സ്റ്റീൽ മോതിരം മുറുകി ദുരിതത്തിലായത്.റിയാസിന്റെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ മോതിരം മുറുകിയതിനെ തുടർന്ന് വിരൽ നീര് വന്ന് വീർക്കുകയും വേദന സഹിക്കാനാവാതെ വരികയുമായിരുന്നു.

ഉടൻതന്നെ കുട്ടിയെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ എത്തിച്ചു.ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ കുട്ടിയെ ആശ്വസിപ്പിച്ച ശേഷം, പ്രത്യേക ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മോതിരം ശ്രദ്ധയോടെ മുറിച്ചുമാറ്റി. അതീവ സൂക്ഷ്മതയോടെയാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. മോതിരം നീക്കിയതോടെ റിയാസിന് ആശ്വാസമായി.

സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സനുവിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ വിപിൻ, സന്തോഷ് കുമാർ, ജിനേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.