ചിക്കമംഗളൂരു: ചിക്കമംഗളൂരു ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിൽ, വിവാഹമോചനം ആവശ്യപ്പെട്ട യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. ഹൊസള്ളി സ്വദേശി നേത്രാവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ 39-കാരൻ നവീനാണ് കൃത്യം ചെയ്തത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
അഞ്ച് മാസം മുമ്പാണ് സകലേശ്‌പുർ സ്വദേശിയായ നവീനുമായി നേത്രാവതി വിവാഹിതയായത്.വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ നവീൻ യുവതിയെ ക്രൂരമായി മർദിക്കാൻ തുടങ്ങി. ഇതോടെ അഞ്ചു ദിവസത്തിനു ശേഷം നേത്രാവതി ഭർതൃവീട് വിട്ടിറങ്ങി.
നവീൻ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് മൂന്ന് മാസം മുമ്പ് യുവതി ആൽഡൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.പരാതിയിൽ പ്രകോപിതനായ നവീൻ യുവതിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നേത്രാവതിയെ ചിക്കമംഗളൂരു നഗരത്തിലെ മല്ലഗൗഡ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ വെച്ച് മരണം സംഭവിച്ചു.