പാലക്കാട് : നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനാണെന്ന കോടതി വിധിയിൽ സന്തോഷമുണ്ടെന്നും കനത്ത ശിക്ഷ പ്രതീക്ഷിക്കുന്നുവെന്നും കുടുംബം. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
വിധിയിൽ ആശ്വാസമുണ്ട്. അയാൾ പുറത്തിറങ്ങാൻ കോടതി അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. കോടതിയിൽ വിശ്വാസമുണ്ട്. പതിനാറാം തീയതി ആകട്ടെ എന്നായിരുന്നു സജിതയുടെ കുടുംബാംഗങ്ങളുടെ പ്രതികരണം. പ്രതി ചെന്താമരയുടെ ഭീഷണിയെ തുടർന്ന് കേസിലെ നിർണായക സാക്ഷി നാടുവിട്ടിരിക്കുകയാണ്.
കേസിലെ പ്രധാന സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പയാണ് തമിഴ്നാട്ടിലേക്ക് പോയത്. കൊലപാതകത്തിന് ശേഷം സജിതയുടെ വീട്ടിൽ നിന്ന് ചെന്താമര പുറത്തേക്ക് വരുന്നത് കണ്ടത് പുഷ്പയായിരുന്നു. കേസ് അന്വേഷണത്തിൽ നിര്‍ണായകമായത് പുഷ്പയുടെ മൊഴിയാണ്. ഇതിന്റെ വൈരാഗ്യത്തിൽ പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നു.