തിരുവനന്തപുരം: വാഹനങ്ങളിൽ എയർഹോൺ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, കർശന നടപടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. എയർഹോണുകൾ പിടിച്ചെടുക്കുന്നതിനായി ഈ മാസം 13 മുതൽ 19 വരെ സ്പെഷ്യൽ ഡ്രൈവ് നടത്താൻ മന്ത്രി നിർദേശം നൽകി.പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുകയും, അതിനുശേഷം റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്യണം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നടപടിക്ക് പിന്നിൽ കോതമംഗലത്തെ സംഭവം കഴിഞ്ഞ ദിവസം കോതമംഗലം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെ സ്വകാര്യ ബസ് അമിത വേഗത്തിൽ എയർഹോൺ മുഴക്കി എത്തിയ സംഭവമാണ് കടുത്ത നടപടിക്ക് പിന്നിൽ.പരിപാടിക്കിടെ മന്ത്രിയുടെ പ്രതികരണം
“ബഹുമാനപ്പെട്ട എം.എൽ.എ. പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. ഫയർ എൻജിൻ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്.”ഈ സംഭവത്തെ തുടർന്ന് ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ മന്ത്രി ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.