
ദില്ലി : ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ വർധിക്കുന്നതിന്റെ പ്രധാന കാരണം നുഴഞ്ഞുകയറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ ദൈനിക് ജാഗരൺ സംഘടിപ്പിച്ച നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം എന്ന വിഷയത്തിലുള്ള നരേന്ദ്ര മോഹൻ സ്മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചപ്പോൾ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഈ വർധനവിന് കാരണം പ്രത്യുൽപാദന നിരക്കല്ല, മറിച്ച് നുഴഞ്ഞുകയറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു ജനസംഖ്യയിൽ കുറവുണ്ടായതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ഈ രാജ്യങ്ങളിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞത് മതപരിവർത്തനം മൂലമല്ലെന്നും അവരിൽ പലരും ഇന്ത്യയിൽ അഭയം തേടിയതിനാലാണെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയിലെ വർദ്ധനവ് രാജ്യത്തേക്ക് മുസ്ലീം വ്യക്തികളുടെ വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.