
എറണാകുളം : കുറുപ്പുംപടിയിലെ കടകളിൽ 500 രൂപയുടെ കള്ളനോട്ടുകൾ മാറ്റി സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശിയായ അബ്ദുൽ റഷീദ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 22 കള്ളനോട്ടുകൾ പോലീസ് കണ്ടെടുത്തു. കുറുപ്പുംപടി പയ്യാൽ ജങ്ഷനിൽ നെടുമങ്ങാട് രജിസ്ട്രേഷനുള്ള കാറിലാണ് അബ്ദുൽ റഷീദ് എത്തിയത്.
കാറിൽ നിന്നിറങ്ങിയ ഇയാൾ കടകളിൽ കയറി 500 രൂപയുടെ കള്ളനോട്ടുകൾ നൽകി ചെറിയ വിലയുടെ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പണം വാങ്ങി പരിശോധിച്ചപ്പോൾ നൽകിയതെല്ലാം കള്ളനോട്ടുകളാണെന്ന് മനസ്സിലാക്കി പോലീസിൽ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോൾ 500 രൂപയുടെ 22 കള്ളനോട്ടുകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
കോയമ്പത്തൂരിൽ നിന്നാണ് തനിക്ക് കള്ളനോട്ടുകൾ ലഭിക്കുന്നതെന്ന് അബ്ദുൽ റഷീദ് പോലീസിനോട് സമ്മതിച്ചു. 10,000 രൂപയുടെ ഒറിജിനൽ നോട്ടിന് പകരം 30,000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാൾക്ക് ലഭിച്ചിരുന്നത്. കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.റഷീദിന് കള്ളനോട്ടുകൾ എത്തിക്കുന്ന സംഘത്തെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.