
മലപ്പുറം: മലപ്പുറത്ത് ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചാവുന്നത് പ്രദേശവാസികളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 40-ൽ അധികം കാട്ടുപന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കാരണം കണ്ടെത്താനായി വനം വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.വൈറസ് ബാധയെന്ന് നിഗമനം: ബുധനാഴ്ച നറുക്കുംപൊട്ടിയിൽ കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡം അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ എസ്. ശ്യാമിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
ഇതിന്റെ സാമ്പിളുകൾ വയനാട് പൂക്കോട് വെറ്ററിനറി ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. പ്രാഥമിക നിഗമനം വൈറസ് ബാധയെന്നാണ്. വഴിക്കടവ് വനം റേഞ്ചിന് കീഴിലെ നറുക്കുംപ്പൊട്ടി, മണൽപ്പാടം, കമ്പളക്കല്ല് തുടങ്ങിയ ഇടങ്ങളിലാണ് വനത്തിലും കൃഷിയിടങ്ങളിലുമായി പന്നികളെ ചത്ത നിലയിൽ കണ്ടെത്തിയത്.ആദ്യം വിഷം വെച്ചതാണോ എന്ന് വനം വകുപ്പ് സംശയിച്ചിരുന്നെങ്കിലും, ഇത് രോഗബാധ മൂലമുള്ള മരണമാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.രോഗവ്യാപന ഭീഷണി വളർത്തുമൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗം പകരുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
സംസ്കരണത്തിലെ അലംഭാവം ചത്ത പന്നികളെ സംസ്കരിക്കുന്നതിൽ വനം വകുപ്പ് കടുത്ത അലംഭാവം കാണിക്കുന്നുവെന്നാണ് പ്രധാന പരാതി. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (WHO) നിബന്ധനകൾ പാലിക്കാതെയാണ് മൃതദേഹങ്ങൾ മറവ് ചെയ്യുന്നതെന്നും ഇത് രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
അടിയന്തര നടപടി ആവശ്യം ഈ വിഷയത്തിൽ വനം വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും അടിയന്തരമായി ഇടപെട്ട് ആശങ്കകൾ അകറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.