Banner Ads

പുതിയ കരാറുകാർ വന്നിട്ടും പാലക്കയംതട്ട് അനാഥം; അടിസ്ഥാന സൗകര്യമില്ല, സന്ദർശകരുടെ എണ്ണം കുറഞ്ഞു

കണ്ണൂർ : ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച പാലക്കയംതട്ട് വിനോദസഞ്ചാരകേന്ദ്രം പുതിയ കരാറുകാർക്ക് നടത്തിപ്പിനു നൽകിയിട്ടും അനാഥാവസ്ഥയിൽ. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്തതിനാൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്.

ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്ന വിനോദസഞ്ചാരികളെ തീർത്തും നിരാശപ്പെടുത്തുന്നതാണ് നിലവിലെ അവസ്ഥ. മേയിൽ നടത്തിപ്പിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ടെന്റ് ടൂറിസത്തിനായുള്ള പത്തോളം ചെറിയ കെട്ടിട നിർമ്മാണത്തിന് തുടക്കമിട്ടതൊഴിച്ചാൽ മറ്റ് ജോലികൾ നിലച്ചിരിക്കുകയാണ്.

കുടിവെള്ളത്തിനുള്ള സൗകര്യമോ മലമുകളിലെ ബയോ ടോയ്‌ലറ്റിന്റെ നവീകരണമോ നടത്തിയിട്ടില്ല. പാറക്കല്ലുകൾ തെളിഞ്ഞ് കുണ്ടും കുഴിയുമായ നടവഴികളിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്. ആൾസഞ്ചാരം കുറഞ്ഞതോടെ മലയുടെ ഭൂരിഭാഗവും വനഭൂമിയായി മാറി. വന്യജീവികളുടെ സാന്നിധ്യം പ്രദേശത്ത് ധാരാളമുള്ളതായി നാട്ടുകാർ പറയുന്നു.

ഇത് സന്ദർശകരുടെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടുണ്ട്. തുടക്കകാലത്ത് 12 ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇപ്പോഴത് രണ്ടുപേരായി ചുരുങ്ങി. യൂണിഫോമുള്ള സെക്യൂരിറ്റി ജീവനക്കാർ ഓരോ സന്ദർശകന്റെയും കൂടെയുണ്ടായിരുന്ന അവസ്ഥയിൽ നിന്ന് കേന്ദ്രം പൂർണ്ണമായും നിശ്ചലമായി.

35 രൂപയുണ്ടായിരുന്ന പ്രവേശനനിരക്ക് 50 രൂപയായി വർധിപ്പിച്ചത് കടുത്ത പ്രതിഷേധത്തിന് കാരണമായി. വീഡിയോ ഷൂട്ടിങ്ങിന് 350-ഉം ക്യാമറയ്ക്ക് 200-ഉം ആൽബം ഷൂട്ടിങ്ങിന് 10,000-ഉം രൂപയായി നിരക്കുകൾ കുത്തനെ ഉയർത്തി. പാർക്കിങ്ങിന്റെ മറവിൽ വാഹന ഉടമകളിൽനിന്ന് വലിയ തുക ഈടാക്കുന്നതായും ആക്ഷേപമുണ്ട്.

പാട്ടവ്യവസ്ഥയിൽ വ്യക്തിയിൽനിന്ന് ഏറ്റെടുത്ത ഭൂമിയിലാണ് പാർക്കിങ് ഒരുക്കിയത്. ഈ ഭൂമി തങ്ങളുടേതാണെന്ന് കാണിച്ച് ഡി.ടി.പി.സി. നൽകിയ പരാതിയും വെള്ളാട് ദേവസ്വം അവകാശമുന്നയിച്ച കേസും കോടതിയിൽ നിലനിൽക്കുന്നുണ്ട്.