കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി സനൂപിന്റെ ഭാര്യ രംബീസ രംഗത്ത്. മകളുടെ മരണകാരണം സംബന്ധിച്ച റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും ലഭിക്കാത്തതിൽ സനൂപ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് രംബീസ പറഞ്ഞു. മകൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ആയിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ടീമിലെ ഡോക്ടർ പറഞ്ഞിരുന്നു.
മകളുടെ മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ മരണ സർട്ടിഫിക്കറ്റോ ലഭിച്ചിട്ടില്ല. ഇത് മനപ്പൂർവം വൈകിപ്പിക്കാൻ ശ്രമിച്ചു. ഇക്കാര്യം പറയാനാണ് സൂപ്രണ്ടിനെ കാണാൻ പോയത്. പനി മാത്രമായിരുന്ന മകളെ രക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ച് യാതൊരു ചികിത്സയും നൽകിയില്ലെന്നും രംബീസ പറഞ്ഞു.
റിപ്പോർട്ടുകൾ വൈകിപ്പിക്കുന്നതിലും ചികിത്സാ പിഴവിലും സനൂപ് കടുത്ത വിഷാദത്തിലായിരുന്നു. ഇന്നലെ സനൂപ് വീട്ടിൽ വീണിരുന്നു. അതിനുശേഷം ഡോക്ടറെ കാണിക്കണമെന്ന് പറയുകയും ചെയ്തിരുന്നു. ഈ മാനസികാവസ്ഥയിലാണ് അദ്ദേഹം ആക്രമണം നടത്തിയതെന്നും രംബീസ കൂട്ടിച്ചേർത്തു.