Banner Ads

ദീപാവലി ആഘോഷിക്കാൻ ഒരുങ്ങി ദുബായ്: 5 ദിവസം നീളുന്ന ‘ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ്’

ദുബായ്: ദീപാവലിയോടനുബന്ധിച്ച് ദുബായ് അഞ്ച് ദിവസം നീളുന്ന ‘നൂർ – ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ്’ എന്ന പേരിൽ മെഗാ ആഘോഷത്തിന് ഒരുങ്ങുന്നു. ഈ മാസം 17, 18, 19, 24, 25 തീയതികളിലാണ് പ്രധാനമായും ആഘോഷങ്ങൾ അരങ്ങേറുക.ദുബായ് അൽസീഫ് സ്ട്രീറ്റിലും ഗ്ലോബൽ വില്ലേജിലുമായാണ് വർണ്ണാഭമായ പരിപാടികൾ നടക്കുക.

17-ന് വൈകിട്ട് 6:30-ന് സൂഖ് അൽസീഫിൽ വെച്ച് ആഘോഷങ്ങൾക്ക് തുടക്കമാകും.സംഘാടനം ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റുമായി (ഡി.എഫ്.ആർ.ഇ.) ചേർന്ന് ഇന്ത്യൻ കോൺസുലേറ്റും ടീം വർക്ക് ആർട്‌സും സംയുക്തമായാണ് പരിപാടി നടത്തുന്നത്.എല്ലാ പരിപാടികൾക്കും പ്രവേശനം സൗജന്യമായിരിക്കും.സംഗീതം, നൃത്തം, ഘോഷയാത്ര, പ്രദർശനങ്ങൾ, പരമ്പരാഗത വിപണി എന്നിവ കൂടാതെ ഒട്ടേറെ കലാ സാംസ്കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

കവിതാപാരായണം, കഥപറച്ചിൽ, പ്രഭാഷണങ്ങൾ, ഹാസ്യവിനോദ പരിപാടികൾ, ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള ശിൽപശാലകൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ദിവസേന വെടിക്കെട്ട് ഉണ്ടായിരിക്കും ആദ്യ വെടിക്കെട്ട് 17-ന് രാത്രി 9-ന് അൽസീഫ് ക്രീക്കിൽ.തുടർന്നുള്ള വെടിക്കെട്ട്: 18, 19 തീയതികളിൽ രാത്രി 9-ന് നാല് സ്ഥലങ്ങളിൽ വെടിക്കെട്ട് അരങ്ങേറും. 24, 25 തീയതികളിലും ആഘോഷങ്ങൾ തുടരും.പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ഡി.എഫ്.ആർ.ഇ. അറിയിച്ചു.