കണ്ണൂർ : വളപട്ടണത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വളപട്ടണം എസ്.ഐ. ടി.എം. വിപിനാണ് പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മാടായി സ്വദേശി ഫായിസ്, മാട്ടൂൽ സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി വളപട്ടണം പാലത്തിന് സമീപമാണ് സംഭവം. അമിതവേഗത്തിൽ ഓടിച്ചുവന്ന കാർ തടയാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐയെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചത്. എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റിയ കാർ ഒരു ഓട്ടോയിലും മതിലിലും ഇടിച്ചാണ് നിന്നത്. അറസ്റ്റിലായ യുവാക്കൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.