കൊച്ചി : ഭൂട്ടാൻ വഴി ആഡംബര കാറുകൾ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ്. നടൻമാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ വീടുകളിലാണ് പരിശോധന. ദുൽഖർ സൽമാന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും ചെന്നൈയിലെ വീട്ടിലും മമ്മൂട്ടിയുടെ പഴയ വീടായ മമ്മൂട്ടി ഹൗസിലും ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്.
സിനിമാതാരം അമിത് ചക്കാലക്കൽ, വിദേശ വ്യവസായി വിജേഷ് വർഗീസ് എന്നിവരുടെയും വാഹന ഡീലർമാരുടെയും വീടുകൾ ഉൾപ്പെടെ 17 കേന്ദ്രങ്ങളിലാണ് ഇ.ഡി.യുടെ കൊച്ചി യൂണിറ്റ് ഒരേസമയം പരിശോധന നടത്തുന്നത്. ഫെമ (Foreign Exchange Management Act – FEMA) നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ.ഡി.യുടെ വിശദീകരണം.
കോയമ്പത്തൂർ ആസ്ഥാനമായുള്ള ഒരു സംഘം ഭൂട്ടാൻ, നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്തതായി ഇ.ഡി. കണ്ടെത്തി. വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വ്യാജ ആർ.ടി.ഒ. രജിസ്‌ട്രേഷനുകളും ഈ സംഘം ഉപയോഗിച്ചിട്ടുണ്ട്.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത കാറുകൾ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് മറിച്ചുവിറ്റതായും കണ്ടെത്തി. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിർത്തി കടന്നുള്ള പണമടയ്ക്കലും ഈ സംഘത്തിൽ ഉൾപ്പെടുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. നേരത്തെ കസ്റ്റംസ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വകുപ്പ് കേസെടുത്ത് റെയ്ഡ് നടത്തുന്നത്. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലുമാണ് പരിശോധന നടക്കുന്നത്.