മലപ്പുറം: നാടുകാണി ചുരം വഴിയുള്ള യാത്രക്കാർക്ക് വനപാലകർ കർശന മുന്നറിയിപ്പ് രാപകൽ വ്യത്യാസമില്ലാതെ കാട്ടാനകൾ ചുരം പാതയിലും റോഡരികിലും വിഹരിക്കുന്ന സാഹചര്യത്തിലാണ് ആനമറി വനം ചെക്ക്പോസ്റ്റിലെ ജീവനക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.അന്തർ സംസ്ഥാന പാതയായതിനാൽ ദീർഘദൂര ബസുകളും ചരക്കുലോറികളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്.
കാട്ടാനക്കൂട്ടത്തെ കാണുമ്പോൾ പല സഞ്ചാരികളും കൗതുകത്തോടെ വാഹനത്തിൽ നിന്നിറങ്ങി ആനകളുടെ അടുത്തേക്ക് ചെന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഈ നീക്കം അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും, കാമറയിലും ഫോണിലും ദൃശ്യം പകർത്തുന്നവർക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്ന സംഭവങ്ങൾ വർധിച്ചതായും വനപാലകർ ചൂണ്ടിക്കാട്ടി.
ചുരത്തിലെ വ്യൂ പോയന്റിൽ കാട്ടാനകളുടെ സാന്നിധ്യം സ്ഥിരമാണ്.പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അതീവ ശ്രദ്ധ പുലർത്തണം.തമിഴ്നാട് വനത്തോട് അതിരിടുന്ന ഈ ചുരം മേഖല കാട്ടാനകളുടെ സ്വൈരവിഹാര കേന്ദ്രമാണ്. ആളുകളെ കണ്ടുപരിചയമില്ലാത്ത ആനകളും ഈ കൂട്ടത്തിലുണ്ട്.ആനകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള യാതൊരു നീക്കങ്ങളും സഞ്ചാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും വനപാലകർ മുന്നറിയിപ്പ് നൽകി.