തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികൾക്കുള്ള ചുമ മരുന്നുകളുടെ (കഫ് സിറപ്പ്) ഉപയോഗത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ വിൽക്കരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിന് ഇടയാക്കിയെന്ന പരാതി ഉയർന്ന ‘കോൾഡ്രിഫ്’ കഫ് സിറപ്പിന്റെ വിൽപന തടയുന്നതും പരിശോധന ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഡോക്ടറുടെ പഴയ കുറിപ്പടി വെച്ച് പോലും കുട്ടികൾക്കുള്ള കഫ് സിറപ്പ് നൽകരുതെന്ന് ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകി. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പ്രത്യേക മാർഗരേഖ ഉടൻ പുറത്തിറക്കും. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു.
സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐ.എ.പി. സംസ്ഥാന പ്രസിഡൻ്റ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ആരോഗ്യവകുപ്പിലെയും ഡ്രഗ് കൺട്രോൾ വകുപ്പിലെയും ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 170 ബോട്ടിൽ ‘കോൾഡ്രിഫ്’ സിറപ്പുകൾ പിടിച്ചെടുത്തിരുന്നു.
ആദ്യഘട്ടത്തിൽ 52 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഡൈഎത്തിലീൻ ഗ്ലൈക്കോളിന്റെ (Diethylene Glycol) അളവ് അനുവദനീയമായതിലും കൂടുതലുണ്ടോ എന്നാണ് പരിശോധിക്കുന്നത്.