
കാണക്കാരി: കുറവിലങ്ങാട് സ്വദേശിനിയായ ജെസ്സി സാമിനെ (50) ഭർത്താവ് സാം കെ. ജോർജ് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ്. കൊലപാതകത്തിന് പത്ത് ദിവസം മുൻപ് തന്നെ മൃതദേഹം ഉപേക്ഷിക്കാൻ തിരഞ്ഞെടുത്ത കരിമണ്ണൂരിലെ കൊക്കയിൽ പ്രതി എത്തി പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ മാസം 26-ന് വൈകിട്ടാണ് സംഭവം. ജെസ്സി താമസിച്ചിരുന്ന കണക്കാരിയിലെ വീട്ടിൽ സാം കെ. ജോർജ് എത്തുകയായിരുന്നു.ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് പ്രതി കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇതിനുശേഷം കഴുത്തു ഞെരിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്താണ് ജെസ്സിയെ കൊലപ്പെടുത്തിയത്.തൊട്ടടുത്ത ദിവസം പുലർച്ചെയാണ് മൃതദേഹം കരിമണ്ണൂരിലെ കൊക്കയിൽ ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ജെസ്സിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടുമ്പന്നൂർ – തട്ടക്കുഴ – ചെപ്പുകുളം റോഡിൽ ചക്കൂരാംമാണ്ടി എന്ന സ്ഥലത്ത് വിജനമായ റബർ തോട്ടത്തിലെ കൊക്കയിലാണ് മൃതദേഹം ഉപേക്ഷിച്ച നിലയിലുണ്ടായിരുന്നത്. റോഡിൽ നിന്നും 30 അടിയോളം താഴ്ചയിലായിരുന്നു മൃതദേഹം.
സാം ജോർജും ജെസ്സിയും തമ്മിൽ കുടുംബ വഴക്കും കോടതികളിൽ കേസും നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജെസ്സിയെ സാം കെ. ജോർജ് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.