Banner Ads

നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം; പുഞ്ചക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക്

പയ്യന്നൂർ : നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് പുഞ്ചക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം കേളോത്ത് പാസ്പോർട്ട് ഓഫീസിന് മുന്നിലാണ് സംഭവം. പുഞ്ചക്കാട് ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന ജോസ് (63)നാണ് ഗുരുതരമായി പരിക്കേറ്റത്.

പയ്യന്നൂർ കൊറ്റി പഴയ റെയിൽവേ ഗെയിറ്റിന് സമീപത്തെ കോയാസ് ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജോസ്.പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന നാവികർ സഞ്ചരിച്ച പഞ്ചാബ് രജിസ്ട്രേഷനുള്ള മാരുതി ബ്രെസ്സ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ജോസ് ഓടിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിലും ഇടിച്ചു കയറി. ഗുരുതരമായി പരിക്കേറ്റ ജോസിനെ ആദ്യം പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.